ദോഹ: ഫിഡെ ലോക റാപിഡ് ചെസ് ചാന്പ്യൻഷിപ്പ് ഓപ്പണ്‍ വിഭാഗത്തിൽ നോർവെയുടെ മാഗ്നസ് കാൾസന് കിരീടം. ആറാം തവണയാണ് കാൾസൻ കിരീടം സ്വന്തമാക്കുന്നത്. അവസാന റൗണ്ട് മത്സരത്തിൽ ഡച്ച് ഗ്രാൻഡ്മാസ്റ്റർ അനിഷ് ഗിരിയുമായി സമനിലയിൽ പിരിഞ്ഞതോടെയാണ് കാൾസൻ ഒന്നാം സ്ഥാനം ഉറപ്പിച്ചത്.
13 റൗണ്ടുകളിൽനിന്ന് കാൾസൻ 10.5 പോയിന്റ് നേടിയപ്പോൾ 9.5 പോയിന്റുള്ള റഷ്യയുടെ വ്ലാഡിസ്ലാവ് ആർട്ടെമീവ് രണ്ടാമതായി. 8.5 പോയിന്റുള്ള ഇന്ത്യയുടെ അർജുൻ എരിഗൈസിക്കാണ് വെങ്കലം. വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ കൊനേരു ഹംപിയും വെങ്കലം നേടി.
നേരത്തേ 2014, 2015, 2019, 2022, 2023 വർഷങ്ങളിലാണ് കാൾസന്റെ കിരീട നേട്ടം. മൂന്ന് തുടർ ജയങ്ങളുമായി മത്സരത്തിനിറങ്ങിയ താരം അവസാന റൗണ്ടിൽ അനിഷ് ഗിരിയുമായി സമനിലയിൽ പിരിഞ്ഞ് കിരീടമുറപ്പിച്ചു.
നേരിയ വ്യത്യാസത്തിലാണ് വനിതാ വിഭാഗത്തിൽ ഹംപിക്കു മൂന്നാം കിരീടം നഷ്ടമായത്. റഷ്യയുടെ അലക്സാഡ്ര ഗൊറൈകീന സ്വർണം നേടിയപ്പോൾ സു ജിനർ വെള്ളി മെഡൽ സ്വന്തമാക്കി.
മൂന്ന് പേർക്കും 8.5 പോയിന്റായിരുന്നു നേടാനായത്. ടൈ ബ്രേക്കറിൽ ഇരുവർക്കും ഹംപിയേക്കാൾ പോയിന്റ് വന്നതോടെയാണ് ഇന്ത്യൻ താരം മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.
ഇന്ത്യയുടെ ബി. സവിത ശ്രീ നാലാം സ്ഥാനം സ്വന്തമാക്കി. ആർ. വൈശാലി അഞ്ചാം സ്ഥാനത്തും ദിവ്യ ദേശ്മുഖ് എട്ടാം സ്ഥാനത്തും ഡി. ഹരിക 19-ാം സ്ഥാനത്തുമെത്തി.
ടൂർണമെന്റിൽ കളിച്ച മലയാളി താരം നിഹാൽ സരിൻ 19-ാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. താരം 8.5 പോയിന്റ് നേടി. ക്ലാസിക്ക് ലോക ചാന്പ്യൻ ഡി. ഗുകേഷ് ഇതേ പോയിന്റുമായി 20-ാം സ്ഥാനത്തും ആർ. പ്രഗ്നാനന്ദ 28-ാം സ്ഥാനത്തും ഫിനിഷ് ചെയ്തു.